പാകിസ്ഥാന്റെ ആണവശക്തിയില്‍ ഇന്ത്യക്ക് ആശങ്ക
വാഷിംഗ്ടണ്‍: ഇസ്ലാമിക തീവ്രവാദികള്‍ പാകിസ്ഥാന്റെ അധികാരം പിടിച്ചടക്കുകയാണെങ്കില്‍ അവരുടെ ആണവായുധ ശേഖരം കടുത്ത ഭീഷണികളുയര്‍ത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
ടിവി ചാനലായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. പാകിസ്ഥാനില്‍ ഒസാമ ബിന്‍ലാദന്റെ നേതൃത്വത്തിലുള്ള അല്‍ കെയ്ദക്ക് ശക്തമായ സങ്കേതങ്ങളുണ്ടെന്നും അതുകൊണ്ടു തന്നെ ഇസ്ലാമിക തീവ്രവാദികള്‍ പാകിസ്ഥാന്റെ അധികാരം പിടിച്ചടക്കുമോയെന്ന ആശങ്കയ നിലനില്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പാകിസ്ഥാന്റെ ആണവശക്തിയുടെ സുരക്ഷ അവരുടെ നിയന്ത്രണത്തില്‍ തന്നെയാണ്. എന്നാല്‍ ജിഹാദികളുടെ കൈയില്‍ അതെത്തുകയാണെങ്കില്‍ ഭീഷണിയാവും. അങ്ങനെ സംഭവിക്കില്ലെന്ന് ആശിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാനിലെ സ്ഥിരതയുടെയും പുരോഗതിയുടെയും കാര്യത്തില്‍ ഇന്ത്യക്ക് വ്യക്തമായ താത്പര്യങ്ങളുണ്ട്. പാകിസ്ഥാന്‍ പരിഷ്കൃത ഇസ്ലാമിക രാജ്യമാവണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
കശ്മീരില്‍ തീവ്രവാദി നുഴഞ്ഞുകയറ്റം തുടരുകയാണെങ്കില്‍ പാകിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications