സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കുള്ള പിജി സംവരണം പുനസ്ഥാപിക്കും: മുഖ്യമന്ത്രി
കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ബിരുദാന്തരകോഴ്സുകളിലേക്കുള്ള സംവരണം പുനസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി ജനറല്‍ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിജി സംവരണം പുനസ്ഥാപിക്കുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാരെ സര്‍ക്കാര്‍ സേവനമേഖലയിലേക്ക് ആകര്‍ഷിക്കാനാകും. നേരത്തെ പിജി ഡോക്ടര്‍മാര്‍ക്കായി സംവരണമുണ്ടായിരുന്നെങ്കിലും പിന്നീട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് എടുത്തു കളയുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ സര്‍വീസിലെത്തുന്ന ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വേതനവ്യവസ്ഥ പരിഷ്കരിക്കുന്ന കാര്യം ശമ്പളക്കമ്മീഷന്റെ സജീവ പരിഗണനയിലാണ്. സ്വകാര്യമേഖലയില്‍ കൂടുതല്‍ ഹൈടെക് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും അതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക സൗകര്യങ്ങളും നടപ്പാക്കും.
കൊച്ചിയില്‍ മെഡിക്കല്‍ കോളജില്ലാത്തതു കൊണ്ട് ഒരു മെഡിക്കല്‍ കോളജിനു വേണ്ട എല്ലാ സൗകര്യങ്ങളും ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications