പിടിയിലായ വിദേശികളുടെ ഭീകരബന്ധം തെളിഞ്ഞില്ല
തിരുവനന്തപുരം: തലസ്ഥാനത്തു അറസ്റിലായ രണ്ടു വിദേശികള്‍ക്ക് ഭീകരബന്ധമുണ്ടെന്നതിന് പൊലീസിനോ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കോ തെളിവൊന്നും ലഭിച്ചില്ല. വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ചതിനാണ് ഇരുവരും അറസ്റിലായത്.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും ഇന്റലിജന്‍സ് ബ്യൂറോയും ഉദ്യോഗസ്ഥര്‍ ഇരുവരെയും ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഇവര്‍ കേരളത്തിലെത്തിയതിനെ പറ്റി അന്വേഷിക്കുന്നുണ്ട്.
അഫ്ഗാനിയായ ജുമാര്‍ ഖാനും (23) ഇറാനിയായ ദാവൂദ് ഹാഷിമുമാണ് (47) പൊലീസിന്റെ പിടിയിലായത്. കോവളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ ആറ് ദിവസത്തെ സുഖവാസത്തിനു ശേഷമാണ് ഇവര്‍ ലണ്ടനിലേക്കു കടക്കാന്‍ ശ്രമിച്ചത്. മോഷ്ടിച്ച പാസ്പോര്‍ട്ടുകളില്‍ തങ്ങളുടെ ഫോട്ടോയൊട്ടിച്ചാണ് ഇവര്‍ യാത്ര ചെയ്തത്.
ഹാഷിമിന് ഇറാനില്‍ ഇടതുപക്ഷ പ്രവര്‍ത്തനമുണ്ടെന്നാണ് പൊലീസിനോട് പറഞ്ഞത്. 1994ല്‍ രാഷ്ട്രീയ കുറ്റകൃത്യത്തിന് പ്രൊസിക്യൂട്ട് ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് താന്‍ ഇന്ത്യയില്‍ വന്നതെന്ന് ഹാഷിം പൊലീസിനോട് പറഞ്ഞത്. അതിനു ശേഷം മുംബൈയിലും ദില്ലിയിലുമായി മാറിമാറി താമസിച്ചു. ഇലക്ട്രോണിക് സാധനങ്ങള്‍ സര്‍വീസ് ചെയ്യുന്ന ജോലി താന്‍ ചെയ്യാറുണ്ടായിരുന്നെന്നും ഇറാനിലെ ബന്ധുക്കളില്‍ നിന്നും യുഎസ്സിലെ ഒരു സഹോദരിയില്‍ നിന്നുമാണ് തനിക്ക് പണം ലഭിക്കാറുള്ളതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ജുമാര്‍ ഖാന്‍ ജൂലൈ 13നാണ് കാബൂളില്‍ നിന്നും ദില്ലിയിലെത്തിയത്. ഇയാള്‍ ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ വച്ച് കണ്ടുമുട്ടിയ ഒരു ഇന്ത്യക്കാരന്റെ നിര്‍ദേശപ്രകാരം താന്‍ വ്യാജപാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇന്ത്യ വഴി ലണ്ടനിലേക്ക് കുടിയേറാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ദില്ലിയിലെ ഒരു ഇറാനിയാണ് ഇരുവരെയും പരിചയപ്പെടുത്തിയതത്രെ. കള്ളപാസ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് ഇവര്‍ ഇയാള്‍ക്ക് 30,000 യുഎസ് ഡോളര്‍ നല്‍കിയിട്ടുണ്ട്. ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് ഇവര്‍ ലണ്ടനിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങിയത്. ചില ട്രാവല്‍ ഏജന്‍സി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു.


Click it and Unblock the Notifications