കരിമണല്‍ ഖനനവുമായി മുന്നോട്ടുപോകരുത്: ആന്റണി
കൊച്ചി: കരിമണല്‍ ഖനന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്ന് എ.കെ.ആന്റണി ആവശ്യപ്പെട്ടു. ഇതുപോലുള്ള വിവാദ തീരുമാനങ്ങള്‍ അടുത്ത പത്ത് മാസത്തേക്ക് സര്‍ക്കാര്‍ കൈക്കൊള്ളരുതെന്നും കൊച്ചിയില്‍ കെപിസിസിനേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആന്റണി അഭിപ്രായപ്പെട്ടു.
പത്ത് മാസത്തിനകം കരിമണല്‍ ഖനനം നടത്തേണ്ടത് സര്‍ക്കാരിന്റെ അഭിമാനപ്രശ്നമായി എടുക്കേണ്ട കാര്യമില്ല. ഇപ്പോള്‍ത്തന്നെ തീരുമാനം വേണമെന്ന് ശഠിക്കേണ്ട കാര്യവുമില്ല.
കരിമണല്‍ ഖനനം നടത്താന്‍ യുഡിഎഫ് ഏകപക്ഷീയമായ തീരുമാനമെടുത്തപ്പോള്‍ രാജ്യമെമ്പാടും ബഹുജനാഭിപ്രായമുണ്ടായി. എറണാകുളത്തു നടന്ന കോണ്‍ഗ്രസ് ക്യമ്പില്‍ തീരുമാനം ന്യായീകരിക്കാനാവതെ താന്‍ ഒറ്റപ്പെട്ടവനായി. ഇതെത്തുടര്‍ന്നാണ് കരിമണല്‍ ഖനനം നിര്‍ത്തി വക്കാന്‍ തീരുമാനിച്ചതെന്നും ആന്റണി പറഞ്ഞു.
ഖനനമേ വേണ്ടെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് നേതൃക്യാമ്പ് ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സുതാര്യമായ ചര്‍ച്ച നടത്താനാണ് ഇതുവരെയുള്ള മൂന്നു റിപ്പോര്‍ട്ടുകളും സഭയില്‍ വച്ചത്. എന്നാല്‍ ഖനനമേ വേണ്ടെന്ന നിലപാടിനോട് യോജിപ്പില്ലെന്നും ഈ പ്രശ്നത്തെ കുറിച്ച് ഇനിയും ചര്‍ച്ചകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications