ബാവയുടെ പ്രാര്‍ത്ഥനാ യജ്ഞം മാറ്റിവച്ചു
തിരുവനന്തപുരം: യാക്കോബായ സഭയോടുള്ള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബസേലിയോസ് തോമസ് പ്രഥമന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ ജൂലൈ 25 തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്രാര്‍ത്ഥനാ യജ്ഞം മാറ്റിവച്ചു. സര്‍ക്കാര്‍ ചില നല്ല തീരുമാനങ്ങള്‍ സ്വീകരിച്ചതിനാലാണ് യജ്ഞം മാറ്റുന്നതെന്ന് ബാവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സഭാ നേതൃത്വം ശനിയാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം. യാക്കോബായ സഭയോടുള്ള അനീതിയിലും പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറക്കാന്‍ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് യജ്ഞം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
സര്‍ക്കാരിന്റെ അടുത്ത നടപടികള്‍ പരിശോധിച്ച് പ്രതിഷേധ സമരത്തെ പറ്റി ആലോചിക്കുമെന്ന് ബാവ അറിയിച്ചു. സഭാ പ്രശ്നം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തില്‍ ഇതില്‍ ബാവ തൃപ്തി പ്രകടിപ്പിച്ചു.
തൃക്കുന്നുപ്പുഴ പള്ളി സെമിനാരി അക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനേയും യാക്കോബായ സഭ സമീപിക്കും. പൂട്ടികിടക്കുന്ന പള്ളികളിലേയും തൊണ്ണൂറ് ശതമാനം വിശ്വാസികളും തങ്ങള്‍ക്കൊപ്പമാണെന്ന് ബാവ അവകാശപ്പെട്ടു.
രണ്ട് സഭകളായി നിലനില്‍ക്കുന്നതിലൂടെ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാകൂ എന്നും രണ്ടു സഭകള്‍ക്കും ഒരുമിച്ചുപോവുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications