ലാവ്ലിന്‍: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം നടത്തുന്നു
തിരുവനന്തപുരം: ലാവ്ലിന്‍ അഴിമതിയെപ്പറ്റി സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജൂലായ് 26 ചൊവാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
വിജിലന്‍സ് അന്വേഷണം കൊണ്ട് സത്യവസ്ഥ അറിയാനാവില്ല. മാത്രമല്ലാ, കേസിലുള്‍പ്പെട്ടിരിക്കുന്ന ഇടതുവലതു മുന്നണികള്‍ രക്ഷപ്പെടുകയും ചെയ്യും.
ലാവ്ലിന്‍ ഇടപാടിനു പുറമെ ബ്രഹ്മപുരം, ലോവര്‍പെരിയാല്‍ പദ്ധതികളെക്കുറിച്ചും സിബിഐ അന്വേഷിക്കണം. ബ്രഹ്മപുരം അഴിമതിയില്‍ പ്രതിസ്ഥാനത്തുള്ള സി.വി.പത്മരാജനെ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കുക, വൈദ്യുതി ബോര്‍ഡില്‍ നിന്നു കാണാതായ ഫയലുകളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നിവയാണ് ബിജെപിയുടെ മറ്റ് ആവശ്യങ്ങള്‍.
ലോവര്‍ പെരിയാര്‍ പദ്ധതിയില്‍ 5.5 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫയലുകള്‍ കാണാതായതു മൂലം കേസിന്റെ തുടര്‍നടപടികള്‍ സ്തംഭിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ കാനഡ യാത്ര സംബന്ധിച്ച ഫയലുകളും കാണാതായിരിക്കുകയാണ്. അങ്ങോട്ടുമിങ്ങോട്ടും പഴി ചാരി കുറ്റവാളികളെ രക്ഷിക്കാനാണ് യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുന്നത്.
ചൊവ്വാഴ്ച മുതല്‍ ആഗസ്ത് ഏഴുവരെ പഞ്ചായത്ത് തലത്തില്‍ പ്രകടനവും ധര്‍ണയും നടത്തും. എട്ടു മുതല്‍ 21 വരെ മണ്ഡലം തലത്തില്‍ പ്രതിഷേധ യോഗവും വൈദ്യുതി ബോര്‍ഡ് ഓഫീസിലേക്കു മാര്‍ച്ചും 22 ന് സെക്രട്ടേറിയറ്റ് ഉപരോധവും നടത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications