ലാത്തിച്ചാര്‍ജ്: അന്വേഷണം വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ജൂലൈ 25 തിങ്കളാഴ്ച മാനന്തവാടിയില്‍ പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യമുന്നയിച്ച് സിപിഎമ്മിലെ എം. വി. ജയരാജന്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി. മാനന്തവാടി ടൗണില്‍ നിന്നും മാലിന്യം നീക്കം ചെയ്ത് ചൂട്ടക്കടവിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിക്ഷേപിക്കാന്‍ പഞ്ചായത്ത് അംഗങ്ങളുടെ സംഘം ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് ജയരാജന്‍ ആരോപിച്ചു.
പഞ്ചായത്ത് ചെയര്‍പേഴ്സണും ആദിവാസിയുമായ ശാരദ സജീവന്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവില്‍ ചൂട്ടക്കടവില്‍ പഞ്ചായത്ത് മാലിന്യ പ്ലാന്റ് നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിനെ തുടര്‍ന്ന് അത് നിര്‍ത്തിവയ്ക്കേണ്ടിവരികയായിരുന്നു.
ജനക്കൂട്ടം അക്രമാസക്തരാവുകയും പൊലീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തപ്പോഴാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് നോട്ടീസിനെ എതിര്‍ത്തു സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം ഒരു കെഎസ്ആര്‍ടിസി ബസും ഒരു പൊലീസ് വാഹനവും തകര്‍ത്തു. പഞ്ചായത്ത് ചെയര്‍പേഴ്സണും 10 പൊലീസുകാരും ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റര്‍ ചെയ്യുകയും പൊലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിന് 31 പേരെ അറസ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിശദീകണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു.












Click it and Unblock the Notifications