എഡ്യൂസാറ്റ് മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റിനെ കാണാം
തിരുവനന്തപുരം: കേരളത്തിലെത്തുന്ന രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം തങ്ങളെ അഭിസംബോധന ചെയ്യുന്നത് കേരളത്തിലെ 300ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 28 വ്യാഴാഴ്ച തല്‍സമയം നേരിട്ടുകാണാനാകും. സ്കൂളുകളെ സാറ്റലൈറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്ന എഡ്യൂസാറ്റ് സംവിധാനത്തിനു കീഴിലുള്ള വിക്ടേഴ്സ്(വെര്‍ച്ച്വല്‍ ക്ലാസ്റൂം ടെക്നോളജി ഓണ്‍ എഡ്യൂസാറ്റ് ഫോര്‍ റൂറല്‍ സ്കൂള്‍സ്) എന്ന സംവിധാനം വഴിയാണ് പ്രസിഡന്റിന്റെ പ്രസംഗം നേരിട്ടുകാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭികുന്നത്.
അധ്യയനവും അധ്യാപനവും കൂടുതല്‍ അര്‍ത്ഥവത്താക്കാനാണ് വിക്ടേഴ്സ് സംവിധാനം സ്കൂളുകളിലും കോളജുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് എഡ്യുസാറ്റ് സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നത്. സ്കൂളുകളേയും കോളജുകളേയും എഡ്യൂസാറ്റ് സംവിധാനം മുഖേന പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം. ഇപ്പോള്‍ ചില സ്കൂളുകളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. എഡ്യൂസാറ്റ് കേരളമാകെ നടപ്പാക്കിക്കഴിഞ്ഞാന്‍ സംസ്ഥാനത്തെ 986 സര്‍ക്കാര്‍ സ്കൂളുകള്‍ക്കും പരസ്പരം ബന്ധപ്പെടുത്താന്‍ സാധിക്കും. രാജ്യത്തിനകത്തും പുറത്തുമുളള വിദ്യാഭ്യാസ വിദഗ്ധരുമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശയങ്ങള്‍ പങ്കുവയ്ക്കാനും സംശയങ്ങള്‍ പരിഹരിക്കാനും സാധിക്കും.
വിക്ടേഴ്സ് സംവിധാനത്തില്‍ അതാതു ദിവസത്തെ പാഠ്യവിഷയങ്ങള്‍ സ്കൂള്‍ സമയത്തിനു ശേഷം വൈകുന്നേരങ്ങളില്‍ കേബിള്‍ ടിവി മുഖേന പുന:സംപ്രേഷണം ചെയ്യും. കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ ശരിയായി മനസിലായില്ലെങ്കില്‍ വീണ്ടും മനസിലാക്കാനും സ്കൂളിലെത്താന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആ ദിവസം പഠിപ്പിച്ച കാര്യങ്ങള്‍ മനസിലാക്കാനും ഇതു സഹായിക്കും.
വിദ്യാര്‍ത്ഥികള്‍ക്കു പുറമെ അധ്യാപകര്‍ക്കും പുതിയ വിഷയങ്ങളും അറിവുകളും ലഭിക്കുന്നതിന് ഈ സംവിധാനം സഹായകമാകും.












Click it and Unblock the Notifications