ബാബ്റി കേസ് ക്ഷേത്രനിര്‍മാണത്തിന് ജീവന്‍ നല്‍കും: അദ്വാനി
ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ ജൂലായ് 28 വ്യാഴാഴ്ച ആരംഭിക്കുന്നത് അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള ശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി പറഞ്ഞു.
കേസ് വിചാരണ നടക്കുന്ന റായ്ബറേലിയിലെ പ്രത്യേക മജിസ്ട്രേറ്റ് കോടതിയിലേക്ക് പോകുന്നതിനു മുന്‍പായി വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാമക്ഷേത്രമെന്ന ലക്ഷ്യം ബിജെപി ഉപേക്ഷിച്ചിട്ടില്ല. ഇത് കോടിക്കണക്കിനു വരുന്ന ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും അദ്വാനി പറഞ്ഞു.
ബിജെപി ഒരിക്കലും രാമക്ഷേത്രമെന്ന സങ്കല്‍പത്തില്‍ നിന്നും പുറകോട്ടു പോയിട്ടില്ലെന്നും എന്‍ഡിഎ കേന്ദ്രം ഭരിക്കുന്ന സമയത്ത് സഖ്യകക്ഷികളുടെ സമ്മര്‍ദം കാരണമാണ് രാമക്ഷേത്രനിര്‍മാണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വന്നതെന്നും റായ്ബറേലിയിലെ കോടതിയിലേക്കു പുറപ്പെടുന്നതിന് മുന്‍പ് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു. രാമക്ഷേത്ര നിര്‍മാണവുമായി ബിജെപി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം യാഥാസ്ഥാനത്തു തന്നെ പണിയുമെന്ന മുദ്രാവാക്യം മുഴക്കി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും കോടതിയിലേക്കു പോകുന്ന അദ്വാനിയെ അനുഗമിക്കുന്നുണ്ട്. കോടതിയിലേക്കുള്ള വഴിയില്‍ അദ്വാനിക്ക് റായ്ബറേലിയിലെ മുതിര്‍ന്ന പാര്‍ട്ടിനേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അദ്വാനിക്കും മുരളിമനോഹര്‍ ജോഷിക്കും പുറമെ ഉമാ ഭാരതി, അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ, സന്യാനിയായി ഋതാംബര തുടങ്ങിയവരും കേസ് നടക്കുന്ന റായ്ബറേലി കോടതിക്കു മുന്‍പില്‍ വ്യാഴാഴ്ച ഹാജരാകും.












Click it and Unblock the Notifications