മുംബൈ സാധാരണനിലയിലേക്ക് മടങ്ങുന്നു
മുംബൈ: നൂറുവര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയിലായ മുംബൈ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ജൂലൈ 28 വ്യാഴാഴ്ച രാവിലെയോടെ റെയില്‍, റോഡ് ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് വന്‍ദുരന്തമുണ്ടായ റായ്ഗഡ് ജില്ലയിലെ കൊങ്കണ്‍ പ്രദേശത്ത് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ പ്രളയക്കെടുതിയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു.
താനെക്കും ചത്രപതി ശിവാജി സ്റേഷനുമിടിയയില്‍ തീവണ്ടി സര്‍വീസ് വീണ്ടും തുടങ്ങിയിട്ടുണ്ട്. അതേ സമയം മുംബൈയില്‍ നിന്നുള്ള ദീര്‍ഘദൂര തീവണ്ടി സര്‍വീസുകള്‍ ഇനിയും പുനരാരംഭിച്ചിട്ടില്ല.
മുംബൈ വിമാനത്താവളവും ഭാഗികമായി പ്രവര്‍ത്തനം പുനരാംഭിച്ചിട്ടുണ്ട്. പ്രളയക്കെടുതി നേരിടുന്നവര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ മൂന്ന് വിമാനങ്ങളുള്‍പ്പെടെ നാല് വിമാനങ്ങള്‍ വ്യാഴാഴ്ച വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. 12 മണിക്ക് ശേഷമേ ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വെയ്സും ഇവിടെ നിന്ന് പുറപ്പെടുകയും ഇവിടേക്ക് വരികയും ചെയ്യുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ.
നൂറുവര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും ശക്തമായ മഴയാണ് മുംബൈയില്‍ പെയ്തത്. ബുധനാഴ്ച രാവിലെ എട്ട് വരെ 99.5 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്.












Click it and Unblock the Notifications