സംസ്ഥാനത്ത് ലോറി സമരം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് 31 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല ലോറി സമരം തുടങ്ങി. സമരത്തെ തുടര്‍ന്ന് ചരക്ക് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളും പണിമുടക്കുന്നുണ്ട്.
ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ ക്ഷേമനിധി അടയ്ക്കേണ്ട കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനവും ഉറപ്പും അധികാരികളില്‍ നിന്നും കിട്ടാത്തതിനാലാണ് ലോറി ഉടമകള്‍ പണിമുടക്കാന്‍ നിര്‍ബന്ധിതരായതെന്ന് ലോറി ഉടമാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഔസേപ്പച്ചന്‍ അറിയിച്ചു. സര്‍ക്കാരുമായി ഇക്കര്യത്തില്‍ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവര്‍ അറിയിച്ചു.
ഡീസല്‍ വില, സ്പീഡ് ഗവര്‍ണര്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ചയില്‍ തീരുമാനമായെങ്കിലും ക്ഷേമനിധി സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കാരംഭിക്കാന്‍ ലോറി ഉടമകള്‍ തീരുമാനിക്കുകയായിരുന്നു.
ടാങ്കര്‍ ലോറികളും സര്‍വീസ് നിറുത്തി വയ്ക്കുന്നതിനാല്‍ ലോറി സമരം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യതയെ സാരമായി ബാധിക്കും. എല്‍പിജി ലോറികള്‍, കണ്ടെയ്നര്‍ ലോറികള്‍, കോണ്‍ട്രാക്റ്റ് ചരക്കുവാഹനങ്ങള്‍, മിനിലോറികള്‍ എന്നിവയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications