സിദ്ധരാമയ്യയെയും രണ്ട് മന്ത്രിമാരെയും പുറത്താക്കി
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ജനതാദളിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ വിമതനേതാവും ഉപമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെയും അദ്ദേഹവുമായി കൂറു പുലര്‍ത്തുന്ന രണ്ട് മന്ത്രിമാരെയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കി.
സിദ്ധരാമയ്യയെ കൂടാതെ സതീഷ് ജാര്‍ഖോളി, എച്ച്.സി.മഹാദേവപ്പ എന്നിവരെയാണ് പുറത്താക്കിയത്. നിയമസഭാകക്ഷി നേതൃസ്ഥാനത്തു നിന്നും സിദ്ധരാമയ്യയെ മാറ്റി പകരം എം.പി.പ്രകാശിനെ തിരഞ്ഞെടുത്ത നടപടിയെ സ്പീക്കര്‍ കൃഷ്ണ അംഗീകരിച്ചു. പിന്നാലെ സിദ്ധരാമയ്യ അടക്കം മൂന്ന് പേരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി ധരംസിഗ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.
ജനതാള്‍ എസിലെ ദേവഗൗഡ വിഭാഗവും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും തമ്മിലുള്ള ഭിന്നത ഇതോടെ പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സിദ്ധരാമയ്യ ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ജൂലൈ 24ന് ഹൂബ്ലിയില്‍ നടന്ന പിന്നാക്ക റാലിയില്‍ ദേവഗൗഡയുടെ എതിര്‍പ്പ് അവഗണിച്ച് സിദ്ധരാമയ്യയും കൂട്ടരും പങ്കെടുത്തതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്.












Click it and Unblock the Notifications