കര്‍ണാടകത്തില്‍ ബിജെപിയും പിളര്‍പ്പിലേക്ക്
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ ജനതാദള്‍ സെക്യുലറിലെ ഭിന്നത ബിജെപിയെയും പിളര്‍പ്പിലേക്ക് നയിക്കുന്നു. ജനതാദളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള പ്രതിപക്ഷനേതാവ് ബി.എസ്.യദിയൂരപ്പയുടെ നീക്കമാണ് ബിജെപിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.
എസ്.യദിയൂരപ്പയുടെ നേതൃത്വത്തില്‍ 45 എംഎല്‍എമാരാണ് ജനതാദള്‍ എസുമായി സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യദിയൂരപ്പയെ അനുകൂലിക്കുന്ന 45 എംഎല്‍എമാരെ ബിജെപിയുടെ കേന്ദ്രനേതൃത്വവുമായും മാധ്യമപ്രവര്‍ത്തകരുമായും ബന്ധപ്പെടുന്നത് ഒഴിവാക്കാനായി ബാഗ്ലൂരിന് വെളിയിലുള്ള ഒരു റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
അതിനിടെ ആഗസ്ത് ഏഴ് ഞായറാഴ്ച ബിജെപിയുടെ നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കര്‍ണാടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വേദ്പ്രകാശ് ഗോയല്‍ സ്ഥിതി വിലയിരുത്താനായി ബാംഗ്ലൂരിലെത്തിയിട്ടുണ്ട്. യദിയൂരപ്പയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഇവരെ പുറത്താക്കാന്‍ ബിജെപി തീരുമാനിച്ചേക്കും.
77 എംഎല്‍എമാരാണ് ബിജെപിക്ക് കര്‍ണാടകത്തിലുള്ളത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം എംഎല്‍എ സ്ഥാനം നഷ്ടപ്പെടാതെ പാര്‍ട്ടി പിളര്‍ത്തണമെങ്കില്‍ യദിയൂരപ്പക്ക് 52 എംഎല്‍എമാരുടെയെങ്കിലും പിന്തുണ വേണം. ഏഴ് എംഎല്‍എമാരെ കൂടി തന്റെ പക്ഷത്തേക്ക് കൊണ്ടുവരാനാണ് യദിയൂരപ്പയുടെ ശ്രമം.
അതേ സമയം ബിജെപിയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് ജനതാദള്‍ നേതൃത്വം മൗനം പാലിക്കുകയാണ്. യദിയൂരപ്പയുടെ സര്‍ക്കാര്‍ രൂപീകരണ ശ്രമത്തിന് ജനതാദള്‍ ഇതുവരെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications