നാനാവതി റിപ്പോര്‍ട്ടില്‍ ടൈറ്റ്ലര്‍ക്കെതിരെ പരാമര്‍ശം
ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിച്ച ജി.ടി.നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ കേന്ദ്രമന്ത്രി ജഗ്ദീഷ് ടൈറ്റ്ലര്‍ക്കെതിരെ പരാമര്‍ശം. സിക്കുകാര്‍ക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണങ്ങള്‍ക്കു പിന്നില്‍ ടൈറ്റ്ലര്‍ക്കു പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടര്‍നടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍കുമാര്‍, ബല്‍വന്‍ കോക്കര്‍, ധര്‍മദാസ് ശാസ്ത്രി, എച്ച്.കെ.എല്‍.ഭഗത് എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേ സമയം റിപ്പോര്‍ട്ടില്‍ ടൈറ്റ്ലര്‍ക്കെതിരെ പരാമര്‍ശമുണ്ടെങ്കിലും ഇക്കാര്യത്തില്‍ കമ്മിഷനു തന്നെ വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ടിനൊപ്പം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു. സാധ്യതകളുടെ അടിസ്ഥാനത്തില്‍ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നാണ് നടപടി റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജീവ്ഗാന്ധിക്കോ മറ്റേതെങ്കിലും ഉന്നത നേതാവിനോ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കലാപം നടക്കുന്ന വേളയില്‍ ദില്ലി പൊലീസ് തീര്‍ത്തും നിഷ്ക്രിയമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ദില്ലി പൊലീസ് സമയോചിതമായ നടപടികളെടുത്തിരുന്നെങ്കില്‍ ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിനിടെ തനിക്കെതിരെ റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ടൈറ്റ്ലര്‍ പറഞ്ഞു.












Click it and Unblock the Notifications