തിരഞ്ഞെടുപ്പ് കുഴപ്പത്തിലാക്കിയത് കമ്മിഷന്‍: യുഡിഎഫ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ അഭിപ്രായം തള്ളിക്കളഞ്ഞ് 2000ലെ വോട്ടര്‍പ്പട്ടിക അടിസ്ഥാനരേഖയായി സ്വീകരിക്കാന്‍ കമ്മിഷനെടുത്ത തീരുമാനമാണ് തിരഞ്ഞെടുപ്പ് കുഴപ്പത്തിലാക്കിയതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ട സഹായമെല്ലാം സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ യുഡിഎഫ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്തിന് നടത്തണമെന്നാണ് യുഡിഎഫിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് വൈകിയാല്‍ അതിന്റെ ഉത്തരവാദിത്തം കമ്മിഷനായിരിക്കും. 2000ലെ വോട്ടര്‍പ്പട്ടിക രേഖയാക്കിയെടുത്തത് അബദ്ധമായിപ്പോയെന്ന് ഇപ്പോള്‍ കമ്മിഷന്‍ തന്നെ സമ്മതിക്കുന്നുണ്ട്.
പുതിയ വോട്ടര്‍പ്പട്ടിക വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വരെ നിര്‍ദേശിച്ചിട്ടും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പ്പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന് യുഡിഎഫും നിര്‍ദേശിച്ചതാണ്. അത് അംഗീകരിക്കാന്‍ കമ്മിഷന്‍ തയ്യാറായില്ല.
തിരഞ്ഞെടുപ്പ് നീട്ടണമെന്ന് യുഡിഎഫും സര്‍ക്കാരും ആവശ്യപ്പെടുന്നുവെന്ന പ്രചാരണം ശരിയല്ല. വാര്‍ഡ് വിഭജനം നീണ്ടുപോയതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല. വാര്‍ഡ് വിഭജനത്തിന് സമിതിയെ നിയോഗിക്കണമെന്നത് കമ്മിഷന്റെ ആവശ്യമായിരുന്നു- തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications