സിപിഎം ശിഖണ്ഡിയുദ്ധം അവസാനിപ്പിക്കണം: ചെന്നിത്തല
കോഴിക്കോട്: സിപിഎമ്മും ദേശാഭിമാനിയും ശിഖണ്ഡിയെ മുന്‍പില്‍ നിര്‍ത്താതെ നേരിട്ടുപോരാടണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
താന്‍ ജയിലാവുമെന്ന കരുണാകരന്റെ കൊല്ലം പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 12 വര്‍ഷമായി തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ നോക്കിയിട്ട് നടക്കാത്തതിലുളള ഈര്‍ഷ്യ കാരണമാണ് കരുണാകരന്‍ ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നത്. അദ്ദേഹം സ്വന്തം മകന്‍ ജയിലിലാകാതെ സൂക്ഷിച്ചാല്‍ മതി. അഴിമതിക്കഥകള്‍ പുറത്തുവന്നാല്‍ അത് ദോഷം ചെയ്യുക കരുണാകരനായിരിക്കും.
കരുണാകരന്‍ ഉള്‍പ്പെടെ വര്‍ഷങ്ങളായി കേരളം ഭരിച്ച സര്‍ക്കാരുകള്‍ മലബാറിനോട് നീതി കാണിച്ചിട്ടില്ല. ചൈതന്യ യാത്രയ്ക്ക് ശേഷം മലബാറിന്റെ പ്രശ്നങ്ങള്‍ ഗൗരവ പൂര്‍വം കൈകാര്യം ചെയ്യും.
സിപിഎംനേരിട്ടാണ് തന്നോട് പോരാടേണ്ടിയിരുന്നത്. ചൈതന്യ യാത്രയ്ക്ക് കിട്ടുന്ന ജനപങ്കാളിത്തം സിപിഎമ്മിനെ വിരളി പിടിപ്പിച്ചിരിക്കുകയാണ്. തനിക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന് ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് സൂചനകളെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications