ജഗദീഷ് ടൈറ്റ്ലര്‍ രാജിവച്ചു
ദില്ലി: 1984ലെ സിക്ക് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ രാജിവച്ചു.
റിപ്പോര്‍ട്ടില്‍ നടപടി നിര്‍ദേശമുള്ള എല്ലാ കേസുകളെയും കുറ്റാരോപിതരായ എല്ലാ വ്യക്തികളെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ലോക്സഭയ്ക്ക് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് രാജിയുണ്ടായത്. ആരോപണത്തില്‍ നിന്ന് മുക്തനാകുന്നതു വരെ താന്‍ കേന്ദ്രമന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജിക്കു വേണ്ടി തന്റെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നില്ലെന്നും ടൈറ്റ്ലര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് ടൈറ്റ്ലര്‍ രാജിക്കത്ത് നല്‍കി. ഇടതുപാര്‍ട്ടികള്‍ ശക്തമായ സമ്മര്‍ദം ചെലുത്തുകയും കോണ്‍ഗ്രസില്‍ പോലും രാജിയാണ് നല്ലതെന്ന അഭിപ്രായമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ടൈറ്റ്ലര്‍ കേന്ദ്രമന്ത്രി സ്ഥാനമൊഴിഞ്ഞത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ വിമര്‍ശനത്തില്‍ നിന്നും വഴുതിമാറാന്‍ രാജിയിലൂടെ കേന്ദ്രസര്‍ക്കാരിന് സാധിച്ചു.
നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതിപക്ഷം ലോക്സഭയില്‍ അവതരിപ്പിച്ച അടിയന്തിരപ്രമേയം വോട്ടിനിട്ട് തള്ളി. 128ന് എതിരെ 254 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.


Click it and Unblock the Notifications