സ്മാര്‍ട്ട്സിറ്റി: ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: കൊച്ചിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ പരിഷ്കരിച്ച ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
പരിഷ്കരിച്ച ധാരണാപത്രം പ്രകാരം സ്മാര്‍ട്ട് സിറ്റിയില്‍ 33,300 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനു പകരം 100 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പറഞ്ഞ പ്രകാരം തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആനുപാതികമായി ഭൂമി തിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തും. തൊഴിലവസരങ്ങള്‍ കണക്കാക്കുമ്പോള്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി നിയമിക്കുന്ന നിയമോപദേശകന്റെ അംഗീകാരം വേണമെന്ന നിബന്ധന ധാരണാപത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 700 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടാകുമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. തുക ഇതിനേക്കാള്‍ കൂടുവാനാണ് സാധ്യതയെന്നതു കൊണ്ടാണിത്.
ഇന്‍ഫോപാര്‍ക്കുള്‍പ്പെടെയുള്ള 62.5 ഏക്കര്‍ ഭൂമി 109 കോടി രൂപക്ക് ഇന്റര്‍നെറ്റ് സിറ്റിക്കു കൈമാറും. സര്‍ക്കാരിന് ഒന്‍പതു ശതമാനം ഓഹരിയായിരിക്കും പദ്ധതിയിലുണ്ടായിരിക്കുക.
പുതിയ ധാരണാപത്രം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ അറിയിക്കുമെന്നും അവരുടെ കൂടി സൗകര്യം കണക്കാക്കി ധാരണാപത്രം ഒപ്പിടുന്ന തീയതി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications