ചേകന്നൂര്‍ കേസ്: കാന്തപുരത്തെ പ്രതി ചേര്‍ത്തതിന് സ്റേ
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ കാന്തപുരത്തെ പ്രതി ചേര്‍ത്തത് ഹൈക്കോടതി സ്റേ ചെയ്തു. കോഴിക്കോട്ടെ പ്രത്യേക സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണയും സ്റേ ചെയ്തിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുന്നി നേതാവ് കാന്തപുരം ഏ.പി. അബൂബേക്കര്‍ മുസലിയാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിവിധി.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കീഴ്ക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. പ്രത്യേക കോടതിയാണ് കാന്തപുരത്തെ കേസില്‍ പത്താം പ്രതിയാക്കിയത്. മൗലവിയുടെ ഭാര്യ ഹവ ഉമ്മ, സിബിഐ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസും അയക്കും.
കാന്തപുരവും കേസിലെ മറ്റ് പ്രതികളും സമര്‍പ്പിച്ച നാല് ഹര്‍ജികളും ജസ്റിസ് എം. ശശിധരന് നമ്പ്യാരാണ് പരിഗണിച്ചത്. ഇതില്‍ കാന്തപുരത്തിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
ക്രിമിനല്‍ നിയമത്തിലെ 319 -ാം വകുപ്പ് പ്രകാരം കാന്തപുരത്തെ പ്രതിചേര്‍ക്കാന്‍ മതിയായ തെളിവില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. കേസിലെ 49 പ്രതികളില്‍ നാലു പേരേയെ കോടതി വിസ്തരിച്ചിട്ടുള്ളൂ. അവരില്‍ നിന്ന് കാന്തപുരത്തെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.