സൈപ്രസ് വിമാനം ഗ്രീസില്‍ തകര്‍ന്നുവീണു
ആതന്‍സ്: സൈപ്രസ് എയര്‍ലൈന്‍സിന്റെ ഒരു വിമാനം ആഗസ്ത് 14 ഞായറാഴ്ച ആതന്‍സിന് സമീപം ഒരു പര്‍വതനിരയിലിടിച്ച് തകര്‍ന്നുവീണു. വിമാനത്തില്‍ 115 യാത്രക്കാരടക്കം 121 പേരുണ്ടായിരുന്നു.
തകര്‍ന്നുവീഴുന്നതിന് മുമ്പ് വിമാനം പൈലറ്റുമാരില്ലാതെ പറക്കുകയായിരുന്നുവെന്നും ആതന്‍സ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. സൈപ്രസിലെ ലാര്‍ണാകയില്‍ നിന്നും പുറപ്പെട്ട വിമാനം ഞായറാഴ്ച രാവിലെ ലാന്റ് ചെയ്യേണ്ടതായിരുന്നുവെന്നും വിമാനത്താവളത്തില്‍ നിന്നും വിമാനവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടിരുന്നുവെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
തിരച്ചിലിനായി അയക്കപ്പെട്ട വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ വിമാനം പറക്കുന്നതായി കണ്ടെത്തി. തകര്‍ന്നുവീഴുന്നതിന് മുമ്പ് വിമാനം പൈലറ്റുമാരില്ലാതെ പറക്കുകയായിരുന്നുവെന്ന് വ്യോമസേനാ വിമാനങ്ങളിലെ ജീവനക്കാര്‍ കണ്ടെന്നും എങ്ങനെയാണ് വിമാനം പറന്നതെന്ന് അറിയില്ലെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. ആതന്‍സിന് സമീപമുള്ള വര്‍നാവയിലാണ് വിമാനം തകര്‍ന്നുവീണത്.
വിമാനം തട്ടിക്കൊണ്ടു പോവാനുള്ള ശ്രമത്തിനിടയില്‍ തകര്‍ന്നതാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഗ്രീക്ക് ആര്‍മി അധികൃതര്‍ വ്യക്തമാക്കി. ആരെങ്കിലും രക്ഷപ്പെട്ടോയെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications