തിരഞ്ഞെടുപ്പു പ്രചാരണം രണ്ടാഴ്ച മാത്രം
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തുന്നതിനും പ്രചാരണം രണ്ടാഴ്ചയായി ചുരുക്കുന്നതിനുമുളള ഓര്‍ഡിനന്‍സുകള്‍ക്ക് ആഗസ്ത് 22 തിങ്കളാഴ്ച രൂപം നല്‍കും.
മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നല്‍കും. ഓര്‍ഡിനന്‍സിന് രൂപം നല്‍കുന്നതിനായി അന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരുന്നുണ്ട്. മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ ഓര്‍ഡിനനന്‍സുകള്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിക്കും.
ഒറ്റദിവസം നടത്തിയാല്‍ പൊലീസിന്റെ അപര്യാപ്തതയുണ്ടാകുമെന്നതുകൊണ്ട് സെപ്റ്റംബര്‍ 27നു ശേഷം രണ്ടുഘട്ടമായി തിരഞ്ഞെടുപ്പു നടത്തുന്ന കാര്യവും തിരഞ്ഞെടുപ്പുകമ്മീഷന്റെ പരിഗണനയിലുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റ ദിവസം നടത്തിയാല്‍ പൊലീസുകാരുടെ അപര്യാപ്തത ഉണ്ടാകുമെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു തീയതി നിശ്ചയിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications