രാജി വയ്ക്കേണ്ട ബാധ്യതയില്ല: ജേക്കബ്
കൊച്ചി: എന്‍സിഐയില്‍ ലയിക്കുന്നതിനാല്‍ നിയമസഭാ അംഗത്വം രാജി വയ്ക്കേണ്ട നിയമപരമായ ബാധ്യത തനിക്ക് ഇല്ലെന്ന് ടി.എം. ജേക്കബ് പറഞ്ഞു.
ഇത് സംബന്ധിച്ച ആവശ്യമുന്നയിക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് യാതൊരു അവകാശവുമില്ലെന്നും ജേക്കബ് പറഞ്ഞു. ജേക്കബ്ബ് എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാംഗത്വം രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തലയുടെ അഭിപ്രായം രാഷ്ട്രീയം അറിയാത്തതിനാലുണ്ടായതാണ്. ചൈതന്യ യാത്ര പരാജയപ്പെട്ടത് മറച്ചുവയ്ക്കാന്‍ കവലകള്‍ തോറും എന്തെങ്കിലും പറഞ്ഞ് ചെന്നിത്തല പിടിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്.
എന്‍സിഐയും കെസിജെയും രണ്ട് കുടുംബമായിരുന്നു.. യോജിച്ചു കഴിഞ്ഞാല്‍ ഒന്നായി പ്രവര്‍ത്തിക്കും. അതാണ് ഒരു നല്ല കുടുംബത്തിനു വേണ്ടതും. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ലയനമാണ് നടക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്റെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കവെ ജേക്കബ് പറഞ്ഞു.
മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രസ്താവന ഇറക്കുന്ന ഹസ്സന്‍ ആദ്യം മറുപടി ചോദിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടാണ്. അവരും മകന്‍ രാഹുല്‍ ഗാന്ധിയും എംപിമാരാണ്. പ്രിയങ്കയും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് കോണ്‍ഗ്രസുകാര്‍. മക്കള്‍ രാഷ്ട്രീയത്തെ പറ്റി വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ല.
എന്‍സിഐയില്‍ ലയിക്കുമ്പോള്‍ തന്റെ പാര്‍ട്ടിയിലുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കും. എന്നാല്‍ എല്ലാവര്‍ക്കും സ്ഥാനങ്ങള്‍ ലഭിക്കാനിടയില്ല. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
പാര്‍ട്ടിയുടെ എല്ലാ ഫോറത്തിലും ചര്‍ച്ച ചെയ്താണ് ലയന തീരുമാനമെടുത്തത്. പാര്‍ട്ടിയിലെ ഉന്നതാധികാര കമ്മറ്റിയിലുള്ള എല്ലാവരും ലയന സമ്മേളനത്തിനെത്തും. പുതിയ സഖ്യത്തിന്റെ ഭാരവാഹികളെ ലയനസമ്മേളനം നടക്കുന്ന ആഗസ്ത് 21 ഞായറാഴ്ച മുരളീധരന്‍ പ്രഖ്യാപിക്കും.
ഉമ്മന്‍ ചാണ്ടി ഭരണത്തിനെതിരെ വരുനാളുകളില്‍ വന്‍ പ്രക്ഷോഭം ഉണ്ടാകുമെന്നും ജേക്കബ്ബ് പറഞ്ഞു.












Click it and Unblock the Notifications