സ്മാര്‍ട്ട് സിറ്റി ധാരണാപത്രം ഒപ്പിടുന്നത് തടയും: യുവമോര്‍ച്ച
കോഴിക്കോട്: സ്മാര്‍ട്ട് സിറ്റി ധാരണാപത്രത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഭാരതീയജനതാ യുവമോര്‍ച്ച മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ധാരണാപത്രം ഒപ്പുവയ്ക്കുന്നത് യുവമോര്‍ച്ച തടസപ്പെടുത്തുമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
ധാരണാപത്രം ഒപ്പിടുന്ന ദിവസം യുവമോര്‍ച്ച കരിദിനമായി ആചരിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതി സംസ്ഥാനത്തിന് യാതൊരു വിധത്തിലും സഹായകരമാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ലഭ്യമാകുമെന്നു പറയുന്ന 33,000 തൊഴിലവസരങ്ങളപ്പറ്റി ധാരണാപത്രത്തില്‍ ഒന്നുംതന്നെ പറയുന്നില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുവേണ്ടി ചെലവാക്കുന്ന പണം കൊണ്ട് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സര്‍ക്കാരിനു തന്നെ സൃഷ്ടിക്കാനാകും.
ദുബായ് സര്‍ക്കാരിനോ കേന്ദ്രസര്‍ക്കാരിനോ പദ്ധതിയില്‍ യാതൊരു ഉത്തരവാദിത്വവുമുണ്ടാകില്ലെന്നാണ് ധാരണാപത്രത്തില്‍ പറയുന്നത്. റിയര്‍ എസ്റേറ്റ് സംഘത്തിന് സംസ്ഥാനത്തെ വില്‍ക്കാനുള്ള തന്ത്രമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു പുറകില്‍.
പദ്ധതിയെ അനുകൂലിച്ച് പിണറായി വിജയന്‍ പ്രസ്താവനയിറക്കിയതു മുതല്‍ സിപിഎം സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഇക്കാര്യത്തില്‍ ഡിവൈഎഫ്ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications