സിപിഐ നിലപാട് അവസരവാദപരം: ഹസന്‍
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്‍സിഐയുമായി ധാരണയുണ്ടാകുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പ്രസ്താവന അവസരവാദപരമാണെന്ന് എം.എം ഹസന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെളിയത്തിന്റെ ഇപ്പോഴത്തെ പ്രസ്താവന വരാന്‍ പോകുന്ന തിരുവനന്തപുരം ലോക്സഭാ തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. എന്‍സിഐയുമായി ബന്ധം വേണ്ടെന്ന് ഇടതുമുന്നണിയില്‍ വാദിച്ചുകൊണ്ടിരുന്നവരാണ് സിപിഐയും ആര്‍എസ്പിയും.
ചൈതന്യയാത്ര കഴിയുമ്പോള്‍ കേരളത്തില്‍ ഒരു കോണ്‍ഗ്രസ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് യാത്രയുടെ തുടക്കത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കരുണാകരന്റെ പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ യാതൊരു പാരമ്പര്യവു അവകാശപ്പെടാനില്ലെന്നാണ് തിരഞ്ഞെടുപ്പുകമ്മീഷന്‍ വിധിച്ചിരിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഔദാര്യവും കാത്തിരിക്കുന്ന മുരളീധരനാണ് തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ചെന്നിത്തല തല മുണ്ഡനം ചെയ്യുമെന്നു പറയുന്നത്. ഇങ്ങനെയൊരു പ്രസ്താവനയിറക്കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം.
ഒന്‍പത് എംഎല്‍എമാരെ രാജി വയ്പിച്ച ശേഷം വാടകക്കെടുത്ത ഒരാളെ നിയമസഭാകക്ഷി നേതാവാക്കുന്നത് ലോകചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. പൊന്മാനായി വന്ന മാരീചനാണ് ടി.എം ജേക്കബ്ബ് എന്ന് കരുണാകരന് വൈകാതെ മനസിലാകും.
ചൈതന്യയാത്ര കേരളത്തിലെ കോണ്‍ഗ്രസിന് നവോന്മേഷം നല്‍കിയിരിക്കുകയാണ്. ഗ്രൂപ്പുവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് യാത്രയെ പ്രവര്‍ത്തകരും നേതാക്കളും പിന്തുണച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം തേടും.
ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളക്കെതിരെ കേസ് ഫയല്‍ ചെയ്ത വി.എസ് കരുണാകരന്റെയും ജേക്കബ്ബിന്റെയും കാര്യത്തില്‍ എന്തുതീരുമാനമാണ് എടുക്കുകയെന്നറിയാന്‍ താല്‍പര്യമുണ്ട്. പി.സി തോമസിനെപ്പോലെ ബിജെപി ബന്ധമുളള ഒരാള്‍ യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പത്തുവട്ടം ആലോചിക്കുമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യാതൊരു ധാരണക്കും കോണ്‍ഗ്രസോ ഘടകകക്ഷികളോ ഇല്ല.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ അറിയിച്ചു.












Click it and Unblock the Notifications