പൊതുമേഖലയെപ്പറ്റിയുള്ള വാഗ്ദാനം സോണിയ പാലിക്കണം: കാരാട്ട്
തൃശൂര്‍: പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനം യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പാലിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ആഗസ്ത് 27 ശനിയാഴ്ച തൃശൂരില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കാരാട്ട്.
തിരുവനന്തപുരത്ത് ചൈതന്യയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ സോണിയ തന്റെ പ്രസംഗത്തില്‍ നടത്തിയ പ്രസ്താവനക്കുറിച്ച് പരാമര്‍ശിക്കവെയാണ് കാരാട്ട് ഇക്കാര്യം പറഞ്ഞത്.
സോണിയാഗാന്ധിയുടെ പ്രസ്താവന യുപിഎ സര്‍ക്കാര്‍ കണക്കിലെടുക്കണം. എത് സാഹചര്യത്തിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ സിപിഎം അനുവദിക്കില്ല. ആരോഗ്യ ,വിദ്യാഭ്യാസ രംഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ടിനായാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതെന്ന വാദം സ്വീകാര്യമല്ല. ഇത്തരം പദ്ധതികള്‍ക്ക് നികുതി വഴിയും ബാങ്ക് ഇടപാടുകളിലൂടെയും ഫണ്ട് കണ്ടെത്താമെന്ന മാര്‍ഗം സിപിഎം കേന്ദ്രസര്‍ക്കാരിന് മുന്‍പാകെ വച്ചിട്ടുണ്ട്.
കേന്ദ്രം തൊഴിലുറപ്പു ബില്‍ നടപ്പാക്കിയത് ഇടതുമുന്നണിയുടെ സമ്മര്‍ദം മൂലമാണ്.
കേരളത്തില്‍ വരുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫിന് യുഡിഎഫ് എന്ന പ്രതിഭാസം അവസാനിച്ചുവെന്ന് ഉറപ്പുവരുത്താനുള്ള മാര്‍ഗമാണെന്ന് കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications