അയോധ്യ കേസ് സപ്തം.30ലേക്ക് മാറ്റി
റായ്ബറേലി: അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രസിഡന്റ് അദ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കേസ് പ്രത്യേക കോടതി സപ്തംബര്‍ 30ലേക്ക് മാറ്റി. ഇവിടുത്തെ അഭിഭാഷകര്‍ പണിമുടക്കിലാണെന്നതു കൊണ്ടാണ് കേസ് മാറ്റിയത്.
കേസ് പ്രത്യേക കോടതി ജഡ്ജി വി.കെ സിംഗ് മുന്‍പാകെ പരിഗണനക്കു വന്നപ്പോള്‍ പണിമുടക്കുന്ന അഭിഭാഷകരോട് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും അതുകൊണ്ട് കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്നും സിബിഐ അഭിഭാഷകനും പ്രതിഭാഗം വക്കീലും അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് കേസ് മാററിയത്.
നേരത്തെ കേസിലുള്‍പ്പെട്ട അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി, അശോക് സിംഗാള്‍, ആചാര്യ ഗിരിരാജ് കിഷോര്‍, വിനയ് കത്യാര്‍ എന്നിവരെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം വക്കീല്‍ ഹര്‍ജി നല്‍കിയിരുന്നു.
സെഷന്‍സ് കോടതിയില്‍ അഭിഭാഷക ചേംബര്‍ പണിയാനുദ്ദേശിച്ചിരുന്ന ഫണ്ട് കളക്ടറേറ്റിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വഴിമാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് സെഷന്‍സ് കോടതിയിലെ അഭിഭാഷകര്‍ പണിമുടക്കുന്നത്.












Click it and Unblock the Notifications