മദനിയെ രക്ഷിക്കാന്‍ കേന്ദ്രം ശ്രമിക്കണം: പിഡിപി
കൊച്ചി: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് പിഡിപി ജനറല്‍ സെക്രട്ടറി കെ.ജി അജിത് കുമാര്‍ ആസാദ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലില്‍ മദനിയെ കാണാനെത്തിയ തന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡ് പിടിച്ചെടുത്തുവെന്ന തമിഴ്നാട് പൊലീസിന്റെ വാദം മദനിയുടെ മേല്‍ പുതിയൊരു കേസ് കൂടി ചുമത്താന്‍ ഉദ്ദേശിച്ചാണ്. രണ്ടുവര്‍ഷം മുന്‍പുള്ള, കാലാവധി കഴിഞ്ഞ സിംകാര്‍ഡായിരുന്നു അത്. ആ സിം കാര്‍ഡ് തന്റെ പേഴ്സിനുളളില്‍ യാദൃച്ഛികമായി കിടന്നിരുന്നതാണ്. അത് ഉപയോഗശൂന്യമായതാണെന്ന് ജയില്‍ അധികൃതര്‍ക്കും അറിയാമായിരുന്നു. മദനിക്കെതിരെ കുറ്റങ്ങള്‍ എഴുതിച്ചേര്‍ത്ത ഒരു വ്യാജസത്യവാങ്മൂലം ഒപ്പിടാന്‍ അധികൃതര്‍ തന്നെ നിര്‍ബന്ധിക്കുകയും ചെയ്തു. മദനിയെ ജയിലില്‍ തന്നെ അടച്ചിടാന്‍ പ്രത്യേക അന്വേഷണസംഘം പുതിയ കരുക്കള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
മദനിയുടെ മോചനത്തിനാവശ്യമായ തുടര്‍നടപടികളും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പിഡിപിയുടെ നിലപാടും സെപ്റ്റംബര്‍ ഒന്നിന് കൊച്ചിയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അജിത് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications