തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രികാസമര്‍പ്പണം തുടങ്ങി
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശപത്രികാസമര്‍പ്പണം ആഗസ്ത് 30 ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിച്ചു. ഉച്ചക്ക് മൂന്നുമണി വരെ പത്രിത സമര്‍പ്പിക്കാം. സെപ്റ്റംബര്‍ ആറുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പണം.
രാവിലെ മുതല്‍ പഞ്ചായത്തുകളില്‍ നാമനിര്‍ദേശപത്രികകള്‍ വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു. എന്നാല്‍ പത്രികാസമര്‍പ്പണം വൈകുമെന്നാണ് സൂചനകള്‍. ഇത്തവണ നാമനിര്‍ദേശപത്രികയോടൊപ്പം തന്നെ സത്യവാങ്മൂലം കൂടി നല്‍കേണ്ടി വരുമെന്നതിനാലാണ് ഇത്. സത്യവാങ്മൂലത്തില്‍ യഥാര്‍ത്ഥമല്ലാത്ത കാര്യങ്ങളുണ്ടായാല്‍ അയോഗ്യത കല്‍പ്പിക്കപ്പെടുമെന്നതിനാല്‍ വളരെ സൂക്ഷിച്ചു മാത്രമേ നാമനിര്‍ദേശപത്രിക പൂരിപ്പിക്കാനാവൂ.
സംസ്ഥാനത്തെ 16139 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 2004 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും 339 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലും 316 കോര്‍പറേഷന്‍ വാര്‍ഡുകളിലുമാണ് നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കുക. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് വരണാധികാരികള്‍.
പത്രികകളുടെ സൂക്ഷ്മ പരിശോധന സെപറ്റംബര്‍ ഏഴിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 9 ആണ്. സെപ്റ്റംബര്‍ 24, 26 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
തി രഞ്ഞെടുപ്പിനായി 34,000 ബൂത്തുകളാണ് സജ്ജമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജ-ില്ലകളില്‍ 24നും ബാക്കിയുള്ള ജ-ില്ലകളില്‍ 26 നും തെരഞ്ഞെടുപ്പ് നടക്കും. സെപ്തംബര്‍ 27 നായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഫലപ്രഖ്യാപനവും അന്നു തന്നെ നടത്തും.
തിരഞ്ഞെടുപ്പുകമ്മീഷന്‍ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ആഗസ്ത് 28 ഞായറാഴ്ച തന്നെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവില്‍ വന്നിരുന്നു. തിരഞ്ഞെടുപ്പിനുളള സര്‍ക്കാര്‍ വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications