ജപ്പാന്‍ പദ്ധതിക്ക് നിലവാരമുള്ള പൈപ്പ്: മന്ത്രി
തിരുവനന്തപുരം: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി ഉന്നതഗുണനിലവാരമുള്ള പൈപ്പ് ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുമെന്ന് ജലവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പൈപ്പ് വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷനേതാവിന്‍രെ ആരോപണം അടിസ്ഥാനരഹിതമാണ്. ഉന്നതഗുണനിലവാരമുളള പൈപ്പ് വാങ്ങുവാനാണ് ടെന്‍ഡര്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയത്. രാജ്യാന്തര കമ്പനികള്‍ക്കു കൂടി ടെന്‍ഡര്‍ വ്യവസ്ഥയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതിന് വേണ്ടിയാണ് ടെന്‍ഡര്‍ വ്യവസ്ഥകള്‍ പരിഷ്കരിച്ചിട്ടുണ്ട്. പൈപ്പ് ഇറക്കുമതി ചെയ്യുന്നവര്‍ക്ക് എക്സൈസ്, കസ്റംസ് നികുതി ഇളവു ചെയ്യണമെന്ന് കേന്ദ്രധനമന്ത്രിയോട് അഭ്യര്‍ത്ഥിക്കും. ഇതിനു ശേഷമേ ടെന്‍ഡര്‍ സ്ഥിരീകരിക്കൂ. അതിനായാണ് ടെന്‍ഡര്‍ നല്‍കാനുളള അവസാനതീയതി നീട്ടിയത്.
ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ തമ്മിലുള്ള പോരില്‍ തനിക്ക് താല്‍പര്യമില്ല. ഖജനാവിന് നഷ്ടം വരുത്താതിരിക്കുകയും പൈപ്പിന്റെ ഗുണനിലവാരം ഉറപ്പാക്കുകയുമാണ് മന്ത്രിയെന്ന നിലക്ക് തന്റെ ഉത്തരവാദിത്വം. ഇത് നിര്‍വഹിക്കുക തന്നെ ചെയ്യും.
ഇതു സംബന്ധിച്ച് ഒരു എംഎല്‍എ 100 കോടിയുടെ അഴിമതിയാണ് ആരോപിച്ചത്. പ്രതിപക്ഷനേതാവ് 75 കോടിയും. വിവാദങ്ങള്‍ കൊണ്ട് പദ്ധതി ഓരോ വര്‍ഷം വൈകുന്തോറും സര്‍ക്കാരിന് 50 കോടി വീതം നഷ്ടം വരും. 2007ല്‍ പദ്ധതി തീര്‍ക്കണമെന്നാണ് ജെബിഐസിയുടെ നിബന്ധന. ഈ പദ്ധതി നടപ്പായില്ലെങ്കില്‍ തിരുവനന്തപുരം അടക്കം പല നഗരങ്ങളും വറ്റിവരളുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.












Click it and Unblock the Notifications