പ്രധാനമന്ത്രി സഭാ മന്ദിരത്തിനു മുന്നിലെ പ്രതിമകള്‍ അനാച്ഛാദനം ചെയ്യും
തിരുവനന്തപുരം: നിയസഭാ മന്ദിരത്തിനു മുന്നിലുളള ഗാന്ധി, നെഹ്റു, അംബേദ്കര്‍ പ്രതിമകളുടെ അനാച്ഛാദനം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സപ്തംബര്‍ മൂന്ന് ശനിയാഴ്ച നിര്‍വഹിക്കും. ഇതിനായി അദ്ദേഹം സപ്തംബര്‍ രണ്ട് വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തും. സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണല്‍ അറിയിച്ചതാണ് ഇക്കാര്യം.
നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമാജികര്‍ക്ക് പ്രധാനമന്ത്രി ഉപഹാരം സമ്മാനിക്കും. 15 എംഎല്‍എമാരാണ് 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സഭയില്‍ ഇതുവരെ 100 ശതമാനം ഹാജര്‍ രേഖപ്പെടുത്തിയിരിക്കുന്ന പി.ജെ ജോയി എംഎല്‍എക്കും ഉപഹാരം നല്‍കും. മന്ദിരാങ്കണത്തില്‍ തന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മക്കായി അദ്ദേഹം വൃക്ഷത്തൈ നടും.
ആശ്രയ ഗുണഭോക്താവിന്റെ വീട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന സന്ദര്‍ശനം റദ്ദാക്കി. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരാന്‍ സാധ്യതയുളളതു കൊണ്ടാണിത്.
വിതുര വിനോബ നികേതന്‍ സുവര്‍ണജൂബിലിയാഘോഷത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചതിരിഞ്ഞ് 3.15ന് അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചുപോകുമെന്നും തേറമ്പില്‍ അറിയിച്ചു.












Click it and Unblock the Notifications