പെട്രോള്‍ വില അടുത്തയാഴ്ച കൂട്ടിയേക്കും
ദില്ലി: പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള്‍ അടുത്തയാഴ്ച വര്‍ദ്ധിപ്പിച്ചേക്കും. അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃതഎണ്ണവില വര്‍ദ്ധിക്കുന്നതു കൊണ്ട് അടിയന്തിരമായി ഇന്ധനവില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് സെപ്റ്റംബര്‍ രണ്ട് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം വിലയിരുത്തി.
പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ടു മുതല്‍ മൂന്നുവരെയും പാചക വാതക സിലിണ്ടറിന് 20 രൂപയുമാണ് വിലവര്‍ദ്ധനവുണ്ടാകുക. എന്നാല്‍ വിദേശപര്യടനം നടത്തുന്ന പെട്രോളിയംമന്ത്രി മണിശങ്കര്‍ അയ്യര്‍ തിരിച്ചെത്തിയാല്‍ മാത്രമേ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകൂ. സെപ്റ്റംബര്‍ ഏഴിനാണ് മന്ത്രി തിരിച്ചെത്തുന്നത്.
വിലവര്‍ദ്ധനവിനോടൊപ്പം ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറവുവരുത്തുമോയെന്ന് വ്യക്തമല്ല. എക്സൈസ് തീരുവ കുറക്കാന്‍ തയ്യാറാല്ലെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തീരുവ 15 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്നെങ്കിലും ഒന്‍പതു ശതമാനം മാത്രമേ ഇപ്പോഴുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ വിലവര്‍ദ്ധനവിനോടൊപ്പം തന്നെ നികുതി ലിറ്ററിന് ഒരു രൂപ വരെ കുറക്കാമെന്നാണ് പെട്രോളിയം വകുപ്പിന്റെ ശുപാര്‍ശ.
അന്താരാഷ്ട്ര എണ്ണവിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ പെട്രോള്‍ ഇപ്പോള്‍ ലിറ്ററിന് 7.45 രൂപ നഷ്ടത്തിലും ഡീസല്‍ 5.15 രൂപ നഷ്ടത്തിലും പാചതവാതകം സിലിണ്ടറൊന്നിന് 96രൂപ നഷ്ടത്തിലും മണ്ണെണ്ണ 12.85രൂപ നഷ്ടത്തിലുമാണ് വില്‍പന നടത്തുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍.












Click it and Unblock the Notifications