ബീഹാര്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍18 മുതല്‍
ദില്ലി: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നാല് ഘട്ടങ്ങളായി നടക്കും. ഒക്ടോബര്‍ 18, ഒക്ടോബര്‍ 26, നവംബര്‍ 13, നവംബര്‍ 19 എന്നീ തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെണ്ണല്‍ നവംബര്‍ 22ന് നടക്കും. സപ്തംബര്‍ മൂന്ന് ശനിയാഴ്ച ദില്ലിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ബി.ബി.ടണ്ഠനാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
മാതൃകാ പെരുമാറ്റച്ചട്ടം ഉടന്‍ നിലവില്‍ വരുമെന്ന് ടണ്ഠന്‍ അറിയിച്ചു. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബീഹാറിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ക്കും ഇത് ബാധകമായിരിക്കും.
ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സപ്തംബര്‍ 23ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സപ്തംബര്‍ 30 ആയിരിക്കും. ഒക്ടോബര്‍ ഒന്നിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ മൂന്നാണ്.
ഒക്ടോബര്‍ 26ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഒക്ടോബര്‍ 28ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ച് ആയിരിക്കും. ഒക്ടോബര്‍ ആറിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ എട്ടാണ്.
നവംബര്‍ 13ന് നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഒക്ടോബര്‍ 19ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 26 ആയിരിക്കും. ഒക്ടോബര്‍ 27ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 29 ആണ്.
നവംബര്‍ 19ന് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഒക്ടോബര്‍ 26ന് പുറപ്പെടുവികകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ രണ്ട് ആയിരിക്കും. നവംബര്‍ മൂന്നിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ അഞ്ചാണ്.












Click it and Unblock the Notifications