പ്രധാനമന്ത്രി പ്രതിമകള്‍ അനാച്ഛാദനം ചെയ്തു
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സപ്തംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ നിയമസഭാമന്ദിരവളപ്പിലെ ഗാന്ധി, നെഹ്റു, അംബേദ്കര്‍ പ്രതിമകളുടെ അനാച്ഛാദനകര്‍മം നിര്‍വഹിച്ചു.
മൂന്നു മഹാന്മാരായ രാഷ്ട്രനേതാക്കളുടെ പ്രതികള്‍ ഒരേ സ്ഥലത്ത് സ്ഥാപിക്കുന്നത് ആദ്യമായാണെന്നും അതുകൊണ്ടു തന്നെ ഈ അവസരം ചരിത്രപരമായ പ്രാധാന്യമുളളതാണെന്നും പ്രതിമകള്‍ അനാച്ഛാദനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
വേറെ എവിടെയും ഗാന്ധിജി, നെഹ്റു, അംബേദ്കര്‍ പ്രതിമകള്‍ ഒരുമിച്ചുണ്ടാവില്ല. അതുകണ്ടുതന്നെ ഇത് ചരിത്രപരമായി പ്രാധാന്യമുളള മുഹൂര്‍ത്തമാണ്. ഈ നിയമസഭാ മന്ദിരം ഇപ്പോള്‍ നമ്മുടെ ദേശപാരമ്പര്യത്തിന്റെ പ്രതീകമാണ്. കാരണം രാഷ്ട്രശില്‍പികളായ മൂന്നു മഹാന്മാരുടെ പ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവും സ്വാതന്ത്യ്രസമരത്തില്‍ ഇന്ത്യയെ നയിച്ചയാളുമാണ്. അംബേദ്കര്‍ ഭരണഘടനാശില്‍പിയാണ്. നെഹ്റുവാകട്ടെ ആധുനിക ഭാരത ശില്‍പിയായാണ് അറിയപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ആല്‍.എല്‍ ഭാട്ടിയ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കേന്ദ്രമന്ത്രി ഇ.അഹമ്മദ്, മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
സഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമാജികര്‍ക്കുളള ഉപഹാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്തു.












Click it and Unblock the Notifications