സംസ്ഥാനത്തെ എഐസിസി പ്രതിനിധി പട്ടിക തയ്യാറായി
ദില്ലി: 49 പേരെ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നുള്ള എഐസിസി പ്രതിനിധികളുടെ പട്ടിക തയ്യാറായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി എന്നിവരും കേരളമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എഐസിസി പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കെപിസിസി പോഷകസംഘടനാ ഭാരവാഹികളെ പട്ടികയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കെപിസിസി ഭാരവാഹിത്വത്തിന്റെ പേരിലാണ് ഇവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് പട്ടിക തയ്യാറാക്കിയത്. ഇത് സപ്തംബര്‍ എട്ട് വ്യാഴാഴ്ച ഹൈക്കമാന്റിന് കൈമാറി.
ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കരുതെന്ന തീരുമാനപ്രകാരം കെപിസിസി പോഷകസംഘടനാഭാരവാഹികളെ ഒഴിവാക്കിയെങ്കിലും മന്ത്രിമാരെയെല്ലാം ഉള്‍പ്പെടുത്തി ചേരിതിരിവു കാണിച്ചതില്‍ പോഷകസംഘടനാ ഭാരവാഹികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെ.കരുണാകരന്‍ പാര്‍ട്ടി വിട്ടതിനു ശേഷം ആദ്യമായാണ് സംസ്ഥാനഘടകം എഐസിസി പട്ടിക തയ്യാറാക്കുന്നത്. സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടി പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പട്ടികയില്‍ ഉള്ളവരായിരിക്കും.












Click it and Unblock the Notifications