അദ്വാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് ഖുറാന
ദില്ലി: ബിജെപിയില്‍ പുതിയ പ്രതിസന്ധിക്ക് വഴിതെളിച്ച മദന്‍ലാല്‍ ഖുറാന അനുനയപ്പെടുന്നു. ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മദന്‍ലാല്‍ ഖുറാന വ്യക്തമാക്കി.
മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയുമായി തുടര്‍ച്ചയായി രണ്ടാം ദിവസവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഖുറാന അനുരഞ്ജനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയത്. പഴയ നേതാക്കളെ ഒതുക്കാനും അവരുടെ സ്ഥാനങ്ങള്‍ തട്ടിയെടുക്കുന്നതിനും പുതിയ നേതാക്കളുടെ നിര ശ്രമിക്കുന്നതില്‍ മാത്രമാണ് തനിക്കു പരാതിയെന്നും അദ്ദേഹം പറഞ്ഞു.
അദ്വാനിയെ കേദര്‍നാഥ് സാഹ്നിയോടൊപ്പം മികച്ച മാര്‍ഗദര്‍ശിയായാണ് താന്‍ എപ്പോഴും കണ്ടിട്ടുള്ളതെന്ന് ഖുറാന വാജ്പേയിയോട് പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ജമ്മു കശ്മീരിലെ ചമന്‍ലാല്‍ഗുപ്ത, ഹിമാചല്‍ പ്രദേശിലെ ശാന്തകുമാര്‍ തുടങ്ങിയവര്‍ അപമാനിക്കപ്പെട്ടുവെന്നും ഇതില്‍ മാത്രമാണ് തനിക്ക് പരാതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.കെ.അദ്വാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറല്ലെന്ന പ്രസ്താവനയെ തുടര്‍ന്നാണ് ഖുറാനയെ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. ഈ നിലപാടില്‍ നിന്ന് ഖുറാ പിന്‍മാറിയതോടെ ബിജെപിയിലെ പുതിയ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന് വഴിതെളിഞ്ഞു.
അതേ സമയം ഖുറാനയെ പുറത്താക്കിയതിനെതിരെ വാജ്പേയി നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ക്കിടയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. വാജ്പേയിയെ കൊണ്ട് പ്രസ്താവന പിന്‍വലിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.












Click it and Unblock the Notifications