സ്മാര്‍ട്ട് സിറ്റി: അന്തിമകരാര്‍ മൂന്ന് മാസത്തിനകം
കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ അന്തിമ കരാറില്‍ സംസ്ഥാന സര്‍ക്കാരും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയും തമ്മില്‍ മൂന്ന് മാസത്തിനകം ഒപ്പുവയ്ക്കും. ധാരണാപത്രം ഒപ്പിട്ടതിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ദുബായ് ടെക്നോളജി ഇലക്ട്രോണിക് കോമേഴ്സ് ആന്റ് മീഡിയ ഫ്രീസോണ്‍ ഡയറക്ടര്‍ അഹമ്മദ് ബിന്‍ ബ്യാതുമാണ് ഇക്കാര്യം അറിയിച്ചത്.
ഒരു പ്രമുഖ അന്താരാഷ്ട്ര വിദഗ്ധ ഏജന്‍സി തയ്യാറാക്കുന്ന കര്‍മപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും സ്മാര്‍ട്ട് സിറ്റിക്ക് രൂപം നല്‍കുന്നതെന്ന് അഹമ്മദ് ബിന്‍ ബ്യാത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസും അഹമ്മദ് ബിന്‍ ബ്യാതുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. മൂന്ന് മാസത്തെ കാലാവധിയുണ്ടെങ്കിലും ആറാഴ്ചയ്ക്കകം അന്തിമകരാര്‍ ഒപ്പുവയ്ക്കാനാവുമെന്ന് അഹമ്മദ് ബിന്‍ ബ്യാത് പറഞ്ഞു.
33,000 പേര്‍ക്ക് തൊഴില്‍ നല്‍കാമെന്നാണ് ധാരണയെങ്കിലും നിശ്ചിത കാലാവധിക്കു മുമ്പുതന്നെ ഇതിലുമേറെപ്പേര്‍ സ്മാര്‍ട്ട് സിറ്റിയില്‍ നിയമിക്കപ്പെടും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ഭാവിസര്‍ക്കാരുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പല രാജ്യാന്തര സ്ഥാപനങ്ങളും കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അന്തിമ കരാര്‍ ഒപ്പുവച്ചതിനു ശേഷമേ ഇവയുടെ പേരുകള്‍ വെളിപ്പെടുത്താനാവൂ- അഹമ്മദ് ബിന്‍ ബ്യാത് പറഞ്ഞു.
ലോകത്ത് മറ്റുചില സ്ഥലങ്ങളിലും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ മാതൃകയില്‍ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഡിഐസിക്ക് ഉദ്ദേശ്യമുണ്ടെന്നും ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications