ബിജെപിയില്‍ പ്രതിസന്ധി തുടരുന്നു
ദില്ലി: മദന്‍ലാല്‍ ഖുറാനയുടെ സസ്പെന്‍ഷന്‍ സംബന്ധിച്ച് ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനിയും എ.ബി.വാജ്പേയിയും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുന്നു. ഇരുവരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതൃത്വം വന്‍പ്രതിസന്ധിയിലാണ്.
ഖുറാനയെ പുറത്താക്കിയ നടപടിക്കെതിരെ നടത്തിയ പ്രസ്താവനയില്‍ വാജ്പേയി ഉറച്ചുനില്‍ക്കുകയാണ്. പ്രസ്താവന പിന്‍വലിക്കാന്‍ പല നേതാക്കളും ആവശ്യപ്പെട്ടെങ്കിലും വാജ്പേയി വഴങ്ങിയിട്ടില്ല. അതേ സമയം ഖുറാനയെ പുറത്താക്കിയ നടപടി പിന്‍വലിക്കാന്‍ അദ്വാനിയും തയ്യാറല്ല.
അദ്വാനിയുടെ നേതൃത്വം അംഗീകരിക്കാമെന്ന് ഖുറാന വ്യക്തമാക്കിയിട്ടും നേതൃത്വപ്രതിസന്ധി തുടരുകയാണ്. തിങ്കളാഴ്ചയോടെ മാത്രമേ പ്രശ്നപരിഹാരത്തിനുള്ള തുടര്‍ചര്‍ച്ചകള്‍ ഇനി നടക്കാനിടയുള്ളൂ.
ശനിയാഴ്ച അദ്വാനിയുമായും വാജ്പേയിയുമായും ഒരു പോലെ അടുപ്പം പുലര്‍ത്തുന്ന പ്രമോദ് മഹാജനും രാജ്നാഥ്സിംഗും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇരുവരുടെയും വീടുകളില്‍ മാറി മാറി സന്ദര്‍ശനം നടത്തി ചര്‍ച്ചകള്‍ തുടര്‍ന്നെങ്കിലും പ്രയോജനമുണ്ടായില്ല. പ്രസ്താവന പിന്‍വലിക്കില്ലെന്ന് വാജ്പേയി നേതാക്കളോട് വ്യക്കമാക്കുകയും ചെയ്തു.
ഞായറാഴ്ച അദ്വാനി മധ്യപ്രദേശിലും വാജ്പേയി ലക്നൗവിലും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ പോവുകയാണ്. ഞായറാഴ്ച പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ നടക്കില്ല.












Click it and Unblock the Notifications