കൂടുതല്‍ പേര്‍ യുഡിഎഫില്‍ തിരിച്ചെത്തും: രമേശ്
തിരുവനന്തപുരം: യുഡിഎഫിലേക്ക് കൂടുതല്‍ പാര്‍ട്ടികളും പ്രവര്‍ത്തകരും തിരിച്ചെത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിനെ ശക്തമാക്കുന്ന നടപടികളുമായി മുന്നോട്ടുപോകും. യുഡിഎഫിനെ ശക്തമാക്കുന്നതിന് ചേരാവുന്ന എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു ഉപാധികളുമില്ലാതെയാണ് ബാലകൃഷ്ണപിള്ള യുഡിഎഫിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചത്. യുഡിഎഫ് അദ്ദേഹത്തെ പുറത്താക്കുകയോ മുന്നണി വിടണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല.
പിള്ള ഗ്രൂപ്പ് മുന്നണിയില്‍ തിരിച്ചെത്തുന്നതു സംബന്ധിച്ച് ഘടകകക്ഷികളുമായി മുഖ്യമന്ത്രി സംസാരിക്കും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ശക്തമായതാണ് പിള്ള ഗ്രൂപ്പ് യുഡിഎഫിലേക്ക് തിരിച്ചുവരാന്‍ പ്രചോദനമായതെന്നും സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications