അടിയന്തിരാവസ്ഥയെ കോണ്‍ഗ്രസ് തള്ളിപ്പറയണം: പിണറായി
തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ അടിയന്തിരാവസ്ഥയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു.
ഇപ്പോള്‍ അടിയന്തിരാവസ്ഥ കാലത്തെ രാജന് കേസ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത് കെ.കരുണാകരന് പാര്‍ട്ടി വിട്ട് യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിനെതിരെ നിലപാടെടുത്തതുകൊണ്ടാണ്.
തങ്ങള്‍ക്കെതിരെ ആക്ഷേപമുന്നയിക്കുന്നതിനു മുമ്പ് കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെ കുറിച്ച് ബിജെപി വിശദീകരിക്കണം.
അടിയന്തിരാവസ്ഥയ്ക്കെതിരെ അന്നും ഇന്നും ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഎം. അടിയന്തിരാവസ്ഥയില്‍ കോണ്‍ഗ്രസിനുള്ള പങ്ക് വിസ്മരിക്കാതെ തന്നെയാണ് ബിജെപിക്കെതിരെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സിപിഎം പിന്തുണക്കുന്നത്- പിണറായി വ്യക്തമാക്കി.