അടിയന്തിരാവസ്ഥ: മുഖ്യപ്രതി കരുണാകരനെന്ന് വി.എസ്
കൊച്ചി: അടിയന്തരാവസ്ഥ കാലത്തെ ക്രൂരതകളുടെ മുഖ്യപ്രതി കെ.കരുണാകരനാണെന്നും അതു മറക്കാന്‍ സിപിഎമ്മിന് ഒരിക്കലും ആകില്ലെന്നും വി.എസ് അച്യുതാനന്ദന്‍ . പിണറായി വിജയന്റെ പ്രസ്താവനയെ രമേശ് ചെന്നിത്തല വളച്ചൊടിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
പിണറായിയുടെ അടിയന്താരവസ്ഥാ പരാമര്‍ശങ്ങള്‍ താന്‍ പരിശോധിച്ചു. അതില്‍ അപാകതയൊന്നുമില്ല. ചെന്നിത്തലയും എം.എം. ഹസനും അത് വളച്ചൊടിക്കുകയാണ്. കരുണാകരന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയതിന് പ്രതികാരമായി അദ്ദേഹത്തെ വിമര്‍ശിച്ചത് പോരെന്ന തോന്നലിലാണ് പിണറായിയുടെ പ്രസ്താവനയെ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നത്.
അടിയന്തരാവസ്ഥയെ കുറച്ച് കാണാന്‍ തങ്ങള്‍ക്കാവില്ല. അടിയന്തരാവസ്ഥക്കാലത്ത് രാജന്റെ പിതാവ് ഈച്ചരവാര്യരോട് സര്‍ക്കാര്‍ കാട്ടിയ ക്രൂരതയും മറക്കാനാവില്ല.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 50 മാസം പിന്നിടുകയാണ്. ഇതിനിടിയില്‍ യുഡിഎഫിന്റെ നയങ്ങള്‍ക്കെതിരായി എല്‍ഡിഎഫ് നിരവധി പോരാട്ടങ്ങള്‍ നടത്തി. ഇവരുടെ നയങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് നടത്തി. അതിന് ജനങ്ങള്‍ നല്ല രീതിയില്‍ സ്വീകരണം നല്‍കി.
യുഡിഎഫിന്റെ ദുര്‍ഭരണങ്ങള്‍ക്കെതിരായി എപ്പോഴെല്ലാം പ്രതിഷേധിച്ചുവോ അപ്പോഴെല്ലാം അപ്പോഴെല്ലാം ജനങ്ങള്‍ ക്രിയാത്മകമായി പിന്തുണച്ചു. എറണാകുളത്ത് നടന്ന പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിലാണ് ആദ്യം ജനങ്ങള്‍ പ്രതിഷേധിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പായിരുന്നു അടുത്തതായി വന്നത്.
100 സീറ്റുമായി അധികാരത്തില്‍ വന്നുവെന്ന അഹന്തയോടെ ഭരണം തുടങ്ങിയ യുഡിഎഫ് പുച്ഛമനോഭാവത്തോടു കൂടിയാണ് ഇടതുകക്ഷികളെ നോക്കിയിരുന്നത്. നിയമസഭയില്‍ തങ്ങളെ നോക്കി പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തു. അവര്‍ക്ക് ദയനീയ പരാജയമായിരുന്നു തിരഞ്ഞെടുപ്പിലുണ്ടായത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 116 അസംബ്ലി സീറ്റുകളിലും തോറ്റ യുഡിഎഫിന് വെറും 24 സീറ്റാണ് കിട്ടിയത്. അങ്ങനെ നൂറുമായി വന്നവര്‍ക്ക് കൈയ്യില്‍ 24 ഉള്ളൂവെന്ന് ജനങ്ങള്‍ മനസിലാക്കി. ഇതിനെത്തുടര്‍ന്ന് ആന്റണി പുറത്തുപോയി ഉമ്മന്‍ചാണ്ടി വന്നു. തുടര്‍ന്ന് നടന്ന അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയമായിരുന്നു എല്‍ഡിഎഫ് നേടിയതെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications