വെള്ളപ്പൊക്കം: ആന്ധ്രയില്‍ 31 പേര്‍ മരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ തീരങ്ങളിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും 31 പേര്‍ കൊല്ലപ്പെട്ടു.
തീരപ്രദേശങ്ങളില്‍ നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രകൃതിദുരന്തത്തില്‍ ആയിരങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ നിന്ന് ദുരന്തബാധിതരെ രക്ഷിക്കുന്നതില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കമുണ്ടായ തീരദേശ ജില്ലകളില്‍ 40 പേര്‍ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വടക്കന്‍ ഗോദാവരി, ഖമ്മം, വാറങ്കല്‍, നാല്‍ഗോണ്ട, വിശാഖപട്ടണം, ശ്രീകാകുളം, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായത്. റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിശാഖപട്ടണം വിമാനത്താവളം അടച്ചിട്ടു.
കനത്ത മഴയെ തുടര്‍ന്ന് ഗോദാവരി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രനഗരമായ ഭദ്രാചലത്തില്‍ജലനിരപ്പ് 55.5 അടിയിലെത്തി. രാജമുദ്രിയില്‍ ജലനിരപ്പ് 19.2 അടി കവിഞ്ഞു.
25 പട്ടണങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. ഹൈദരാബാദില്‍ നിന്നുള്ള 21 തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. തീരദേശങ്ങളില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications