ആന്ധ്രാപ്രദേശില്‍ മരണസംഖ്യ 40 ആയി
ഹൈദരാബാദ്: ചുഴലിക്കാറ്റിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ആന്ധ്രാപ്രദേശില്‍ മരിച്ചവരുടെ എണ്ണം നാല്പതായി.
തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും ആന്ധ്രയിലെ മിക്ക ഭാഗത്തും പേമാരി തുടരുകയാണ്. ഗോദാവരി, കൃഷ്ണ തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കമ്മനം ജില്ലയിലെ ക്ഷേത്രനഗരമായ ഭദ്രാചലത്തില്‍ ഗോദാവരിയിലെ ജലനിരപ്പ് 55 അടി കവിഞ്ഞു. ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.
ശ്രീകാകുളം, വിശാഖപട്ടണം, കിഴക്കേ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, കമ്മനം എന്നിവിടങ്ങളില്‍ നിന്നും അമ്പതിനായിരത്തിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പല ഭാഗത്തും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അമ്പതിലേറെ പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം ദിവസവും വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications