വീട്ടിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു
പാലക്കാട്: വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. കടുന്തുരുത്തി കളിമണ്‍പാടം പരേതനായ സുബൈറിന്റെ ഭാര്യ ഉമ്മുസുല്‍മ (45) ആണ് മരിച്ചത്.
സപ്തംബര്‍ 23 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ വീടിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബൈറിന്റെ അനുജന്‍ മഞ്ഞളൂര്‍ സ്വദേശി അബ്ദുള്‍ കരീം (50), മരുമകന്‍ കൊല്ലങ്കോട് ചീരണി സിയാദ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സ്ഫോടനം നടക്കുമ്പോള്‍ 11 പേര്‍ വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. കൊതുകുതിരിയില്‍ നിന്നും തീനാളം വീണാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് കരുതുന്നത്.
ഉമ്മുസുല്‍മയുടെ ഭര്‍ത്താവിന് നേരത്തെ പടക്കം നിര്‍മിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നു. ഉത്സവത്തിന് വില്‍ക്കാനാവാതെ ബാക്കി വന്ന പടക്കങ്ങളാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്.












Click it and Unblock the Notifications