അമ്മയുടെ പിറന്നാളിന് 500 വീടുകള്‍ കൈമാറും
അമൃതപുരി: സുനാമി ദുരന്ത ബാധിതര്‍ക്കായി അമൃതാനന്ദമയീ മഠം ആലപ്പാട് നിര്‍മിച്ച 500 വീടുകളുടെ താക്കോല്‍ദാനം അമൃതാനന്ദമയിയുടെ പിറന്നാള്‍ദിനമായ സപ്തംബര്‍ 27ന് നടക്കും. അമൃതപുരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാതാ അമൃതാനന്ദമയിയാണ് ഇക്കാര്യം അറിയിച്ചത്.
ആലപ്പാട് നിര്‍മിക്കുന്ന 1650 വീടുകളില്‍ പൂര്‍ത്തിയായ 500 വീടുകളുടെ താക്കോല്‍ദാനമാണ് നടത്തുന്നത്. 27ന് ഇതോടൊപ്പം സുനാമി ബാധിത മേഖലയിലെ 51 യുവതികളുടെ വിവാഹവും നടക്കും.
ഇന്ത്യയിലും ശ്രീലങ്കയിലുമായി 6200 വീടുകളാണ് മഠം നിര്‍മിക്കുന്നത്. 825 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. തമിഴ്നാട്ടില്‍ വീട് നിര്‍മിക്കുന്നതിനുള്ള ഭൂമി ഇതുവരെ മഠത്തിന് കൈമാറിയിട്ടില്ലെന്ന് അമൃാതനന്ദമയി അറിയിച്ചു. യുഎസ്സിലെ തന്റെ ഭക്തര്‍ 10 ലക്ഷം ഡോളര്‍ കര്തീന ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി നല്‍കുമെന്നും അവര്‍ അറിയിച്ചു.
അമൃതപുരിയില്‍ പ്രത്യേകം തയാറാക്കുന്ന പന്തലിലാണ് ഇത്തവണ ജന്മദിനാഘോഷങ്ങള്‍ നടക്കുക. മുന്‍വര്‍ഷങ്ങളില്‍ മഠത്തിലെ പ്രധാന ഓഡിറ്റോറിയത്തിലായിരുന്നു ജന്മദിനാഘോഷം. പന്തലിന്റെ പണി തിങ്കളാഴ്ച പൂര്‍ത്തിയാകും.
ജന്മദിനാഘോഷച്ചടങ്ങില്‍ അമൃതാനന്ദമയി മഠം ആരംഭിക്കുന്ന മാതൃഗ്രാമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഒരുവീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍പരിശീലനം നല്‍കി സ്വയംപ്രാപ്തരാക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ആലപ്പാട്ടായിരിക്കും ആദ്യ മാതൃഗ്രാമം ആരംഭിക്കുന്നത്.
27ന് രാവിലെ ഒമ്പതിന് അമൃതാനന്ദമയിയുടെ പാദപൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. സ്വാമി അമൃതസ്വരൂപാനന്ദപുരി പാദപൂജ നടത്തും. തുടര്‍ന്ന് മാതാ അമൃതാനന്ദമയി ജന്മദിനസന്ദേശം നല്‍കും.
സുനാമിദുരന്തത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കുന്ന ചടങ്ങും പാവപ്പെട്ടവര്‍ക്കുള്ള വസ്ത്രദാനവും നടക്കും. തുടര്‍ന്ന് അമൃതകീര്‍ത്തി പുരസ്കാരം സമ്മാനിക്കും.












Click it and Unblock the Notifications