ഇറാഖില്‍ ചാവേര്‍ ആക്രമണത്തില്‍ 9 മരണം
ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ ഒന്‍പത് ഇറാഖികള്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു.
ബാഗ്ദാദിന് 50 കിലോമീറ്റര്‍ വടക്കുള്ള ബക്വോബയില്‍ ഇറാഖ് ദ്രുതകര്‍മ സേനയില്‍ ജോലി ലഭിക്കുന്നതിനായി അപേക്ഷ നല്‍കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. പൊലീസുകാരുടെ കെട്ടിടത്തിനകത്ത് അപേക്ഷ നല്‍കാനെത്തിയവരുടെ ഇടയിലേക്ക് സ്ഫോടകവസ്തുക്കള്‍ ദേഹത്തൊളിപ്പിച്ച് എത്തിയ ആളാണ് അത്യാഹിതമുണ്ടാക്കിയത്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ബക്വോബ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇറാഖില്‍ കഴിഞ്ഞ മൂന്നുദിവസങ്ങളായി നടന്ന സ്ഫോടനങ്ങളില്‍ ചുരുങ്ങിയത് 61 പേരെങ്കിലും മരിച്ചിട്ടുണ്ട്.
ഇതിനിടെ ഇറാഖില്‍ അല്‍ഖ്വയ്ദയുടെ നേതാവായ അബു മുസാബ് അല്‍ സര്‍ഖാവിയുടെ അടുത്ത അനുയായിയായ അബു ആസാം സപ്തംബര്‍ 25 ഞായറാഴ്ച കൊല്ലപ്പെട്ടതായി വാഷിംഗ്ടണില്‍ യു.എസ് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇറാഖില്‍ നടത്തിയ റെയിഡില്‍ അമേരിക്കന്‍ സേനാംഗങ്ങളാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.












Click it and Unblock the Notifications