കേരളത്തില്‍ പണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇടതു സംഘടനകള്‍ ദേശീയതലത്തില്‍ നടത്തുന്ന പൊതുപണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം.
ബസുകളും ടാക്സികളും നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസിബസുകളും സര്‍വീസ് നടത്തുന്നില്ല. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് റോഡുകളിലിറങ്ങുന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
അതേ സമയം തീവണ്ടി സര്‍വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരം നടത്തുന്ന യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം, കുടിവെള്ളം തുടങ്ങിയ അവശ്യസര്‍വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പണിമുടക്ക് മൂലം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്.
തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും പണിമുടക്ക് ബാധിച്ചിട്ടില്ല. സര്‍വീസുകള്‍ പതിവു പോലെ നടക്കുകയാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. കുവൈത്ത് എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്സ്, ഒമാന്‍ എയര്‍വേയ്സ്, എയര്‍ ഇന്ത്യ, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്നിവയുടെ വിമാനങ്ങള്‍ പതിവു പോലെ സര്‍വീസ് നടത്തി.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളെയും പണിമുടക്ക് ബാധിച്ചിട്ടില്ല. നേരത്തെ തീരുമാനിച്ചതു പോലെ സര്‍വീസുകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. കൊച്ചി വിമാനത്താവളത്തില്‍ 11 മണി വരെ 51 ശതമാനം ജീവനക്കാര്‍ ഹാജരായെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications