ഡിഐസിയുമായി സിപിഎം അധികാരം പങ്കിടും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസിയുമായി ഇടതുപക്ഷം അധികാരം പങ്കിടും. സപ്തംബര്‍ 30 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്.
പ്രാദേശിക തലത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഡിഐസിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വെള്ളിയാഴ്ച തീരുമാനമുണ്ടായില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഐസിയുമായി ഉണ്ടാക്കിയ സഖ്യം സിപിഎമ്മിന് വന്‍വിജയം നേടിക്കൊടുത്തെന്നാണ് സിപിഎം വിലയിരുത്തല്‍.
എന്നാല്‍ അഞ്ചു കോര്‍പറേഷനുകളിലേയും മേയര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറായേക്കില്ല. ഇതിന് ഡിഐസി അവകാശവാദം ഉന്നയിക്കുകയാണെങ്കില്‍ കൊച്ചി കോര്‍പറേഷനിലെ ഡപ്യൂട്ടി മേയര്‍ സ്ഥാനം ഡിഐസിക്ക് നല്‍കിയേക്കും.












Click it and Unblock the Notifications