ഡിഐസിയുമായി സഖ്യമുണ്ടാക്കില്ല: കാരാട്ട്
ദില്ലി: കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസിയുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്നത് ചിലരുടെ തോന്നല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ എസ്എഫ്ഐ സംഘടിപ്പിച്ച ഇടതുപക്ഷം ഇന്ന് ഇന്ത്യയില്‍ ; മുന്നോട്ടുപോക്കിന്റെ സാധ്യതകള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
ഡിഐസിയുമായി സഖ്യമുണ്ടാക്കുകയെന്നത് സിപിഎം അജന്‍ഡയില്‍ പോലും ഇല്ലാത്ത കാര്യമാണ്. ഇപ്പോഴുള്ള പ്രാദേശികതല നീക്കുപോക്കുകള്‍ മാത്രമേ തുടര്‍ന്നും ഉണ്ടാകുകയുള്ളൂ. കരുണാകരന്റെ ചരിത്രമെന്തെന്ന് കേരളത്തിലെയെല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി നേതൃത്വത്തിനും അതറിയാം. ഡിഐസിയുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ തീരുമാനിച്ചിട്ടുളളതാണ്. എന്നാല്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള നീക്കുപോക്കുകള്‍ തുടര്‍ന്നുമുണ്ടാകും.
അടിയന്തിരാവസ്ഥയുടെ പേരില്‍ കരുണാകരനെ മാത്രം ക്രൂശിക്കുന്നത് ശരിയല്ല. അടിയന്തിരാവസ്ഥ കേരളത്തിലെ മാത്രം പ്രതിഭാസമല്ല. അന്ന് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് അതിന്റെ ഉത്തരവാദിത്വം. അതേ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയാണ് ഇന്നും കേന്ദ്രം ഭരിക്കുന്നത്. അവരെ ഇടതുപക്ഷം പിന്‍തുണക്കുന്നുമുണ്ട്.
അഴീക്കോടന്‍ രാഘവനെ വധിച്ചത് നക്സലൈറ്റുകളാണ്. കരുണാകരന് അതില്‍ പങ്കില്ല.
പാര്‍ട്ടി നിയന്ത്രണത്തിലല്ലാ കേരളത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications