ആസാമില്‍ വിഷമദ്യം കഴിച്ച് 10 മരണം
തേജ്പുര്‍: ആസാമിലെ സോണിത്പൂരില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. മദ്യം കഴിച്ച 60 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം സോണിത്പൂരിലെ എക്സൈസ് ഓഫീസ് തീ വച്ചു നശിപ്പിച്ചു.
തേജ്പുരിലെ ചന്ദമരിയില്‍ നിന്നു കൊണ്ടു വന്ന മദ്യമാണ് ദുരന്തമുണ്ടാക്കിയത്. മദ്യം കഴിച്ച മൂന്നുപേര്‍ സപ്തംബര്‍ 30 വെള്ളിയാഴ്ച രാത്രി വീടുകളില്‍ വച്ചാണ് മരിച്ചത്. അസ്വസ്ഥതയും ഛര്‍ദിയുമുണ്ടായ ബാക്കിയെല്ലാവരേയും കനക്ലത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരില്‍ ഏഴുപേര്‍ ശനിയാഴ്ച മരിച്ചു. മറ്റുളളവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇവരെ ഗൗഹാട്ടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്നാണ് ക്ഷുഭിതരായ ജനക്കൂട്ടം എക്സൈസ് ഓഫീസിന് തീവച്ചത്. ഇവിടെ വച്ചിരുന്ന മൂന്നു മോട്ടോര്‍ സൈക്കിളുകളും രണ്ട് സ്കൂട്ടറുകളും തീവച്ചു നശിപ്പിച്ചിട്ടുണ്ട്. ബാക്കിയുണ്ടായിരുന്ന വ്യാജമദ്യവും ഇവര്‍ നശിപ്പിച്ചു.
പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ കൂടതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications