കേരളാ എയര്‍ലൈന്‍സ്: കണ്‍സള്‍ട്ടന്റിനെ നിയമിച്ചതായി തിരുവഞ്ചൂര്‍
ദുബായ്: കേരളാ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ചിലവു കുറഞ്ഞ വിമാനസര്‍വീസായി കേരളാ എയര്‍ലൈന്‍സിനെ പറ്റി പഠിക്കാന്‍ ഇന്റര്‍നാഷണല്‍ കണ്‍സല്‍ട്ടന്റിനെ നിയമിച്ചതായി സംസ്ഥാന ജലവിഭവവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ബഹ്റിനില്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് ചിലവു കുറഞ്ഞ വിമാനസര്‍വീസെന്നത് ഏറെക്കാലമായുളള മലയാളികളുടെ ആവശ്യമാണ്. നിരവധി ഗള്‍ഫ് മലയാളികള്‍ എയര്‍ലൈന്‍ കമ്പനിയില്‍ പങ്കാളിത്തമെടുത്ത് പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ഗള്‍ഫ് മലയാളികള്‍ക്കായി ചിലവു കുറഞ്ഞ വിമാനസര്‍വീസ് തുടങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ ചിലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസ് അടുത്ത വര്‍ഷമാദ്യം ബഹറിനിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്.
കേരളത്തില്‍ തിരിച്ചെത്തുന്ന ഗള്‍ഫ് മലയാളികളെ പുനരധിവസിപ്പിക്കാനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ വ്യവസായങ്ങളാരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് മലയാളികള്‍ക്ക് സര്‍ക്കാര്‍ എല്ലാ വിധ സഹായവും നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.












Click it and Unblock the Notifications